Saturday, December 8, 2007

നിഴല്‍ക്കുത്ത്

ഇത് ഇതുവരെ ചരിത്രങ്ങള്‍ പറയാത്തൊരു കഥയാണ്.
ചരിത്രത്തിന്റെ വഴുക്കുന്ന ഇടവഴികളിലൊന്നില്‍ മറഞ്ഞിരുന്നൊരു കഥ.
വഴികാട്ടിയില്ലാതെ ചരിത്രത്തിന്റെ കല്ലുടഞ്ഞ ഊടുവഴികളിലലഞ്ഞുനടന്ന്‍ ഞാന്‍ മോഷ്ടിച്ചെടുത്ത ഒരു നിഴല്‍ക്കുത്തിന്റെ കഥ.
ഇന്ദ്രപ്രസ്ഥത്തിലെ പുതുവത്സരാഘോഷങ്ങളില്‍ പെടുന്നതാണ് നിഴല്‍ക്കുത്ത് എന്ന് ഐതിഹ്യങ്ങളും പുരാണങ്ങളും നമ്മോടു പറയുന്നു.കുറേക്കൂടി വ്യക്തമാക്കിയാല്‍ പുതുവത്സരാഘോഷങ്ങളില്‍ ഒന്നുമാത്രമാണ് നിഴല്‍ക്കുത്ത്.നിഴല്‍ക്കുത്ത് തൊഴുത്തില്‍കുത്തിന്റെ ഒരു വകഭേദം മാത്രമാണെന്ന്‍ കാഡ്വലിനെപോലുള്ള സായ്പുമാര്‍ പണ്ടേ അഭിപ്രായപ്പെട്ടിട്ടുണ്ട്.വേലി തന്നെ വിളവു തിന്നുക എന്ന തത്ത്വത്തില്‍ വിശ്വസിക്കാന്‍ കഴിയാത്ത നിരവധി ഗുണ്ടര്‍ട്ടുമാ‍ര്‍ അതിനേ എതിര്‍ത്തിട്ടുണ്ട്.
അവയൊക്കെയും ചരിത്രത്തിന്റെ തളിരിലകള്‍ മാത്രം.നാമാരും ചരിത്രപണ്ഡിതരോ ഗവേഷകരോ അല്ല എന്നതു കൊണ്ട് തൊഴുത്തില്‍കുത്തും നിഴല്‍ക്കുത്തും തമ്മിലുള്ള ബന്ധം ഏതുവിധമാണെന്നു ചിന്തിച്ച് തല പുകയ്ക്കുന്നത് അസംബന്ധമാണ്.
എങ്കില്‍ പോലും നിഴല്‍കുത്തിന്റെ മാര്‍ഗ്ഗങ്ങള്‍ എങ്ങനെ കിടയറ്റതും കൃത്യവുമാക്കാം എന്നതിനെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി ആസ്ഥാനഗവേഷകരില്‍ പലരും ന്യൂയോര്‍ക്കിലേക്ക് വിമാനം കയറിയ വസ്തുത ഇണങ്ങാത്ത കണ്ണികളായി നമ്മെ പിണക്കുന്നു.
നിഴല്‍ക്കുത്ത് കളങ്ങളില്‍ അന്തിമവിജയം ലഭിച്ചത് ആര്‍ക്കായാലും അരങ്ങില്‍ കത്തിയമര്‍ന്നു വീണവികാരങ്ങളുടെ ഉടമ ആരായിരുന്നാലും ഞാനോ നിങ്ങളോ ഖേദിക്കേണ്ടതില്ല.എന്തെന്നാല്‍ ചരിത്രത്തിന്റെയും ഇതിഹാസത്തിന്റെയും ഇടുങ്ങിയ പാതകളില്‍ തുടരെ സംഭവിക്കുന്നൊരു പ്രക്രിയ മാത്രമാണ് നിഴല്‍ക്കുത്ത്.അധികാര സിംഹാസനങ്ങളില്‍ പുരട്ടിയ ചായം ചുവപ്പോ മഞ്ഞയോ ആകട്ടെ,നിഴല്‍ക്കുത്തിനു നിറം ഒന്നാണ് കറുപ്പ്.കറുപ്പ് മാത്രം.
എല്ലായ്പ്പോഴും എന്നതു പോലെ ഇന്ദ്രപ്രസ്ഥം ഭരിച്ചിരുന്നത് കൌരവരായിരുന്നു.പാണ്ഡവര്‍ സ്ഥാനഭ്രഷ്ടരാക്കപ്പെട്ടിരുന്നു.പാണ്ഡവരുടെ ഇരുട്ടടി പ്രതീക്ഷിച്ച കൌരവര്‍ അധികാരം ഉറപ്പിച്ചു നിര്‍ത്തുന്നതിനു വേണ്ടി ആസ്ഥാന ശാസ്ത്രജ്ഞന്മാരെ നിയമിച്ചു.അവരുടെ ആശയങ്ങള്‍ പുതുപുത്തന്‍ ആയുധങ്ങളുംതന്ത്രങ്ങളുമായി ദിനം പ്രതി മുളച്ചുവന്നു.
പ്രയോഗക്ഷമവും സുസജ്ജവുമായ തരത്തില്‍ കര-വ്യോമ-നാവികസേനകള്‍ വിന്യസിക്കപ്പെട്ടു.അതിര്‍ത്തികളില്‍ ആകാശം മുട്ടെ വൈദ്യുത വേലികള്‍ സ്ഥാപിച്ചു.രാജകുടുംബാംഗങ്ങളുടെയും രാജസേവകരുടെയും ഭവനങ്ങളില്‍ അത്യാധുനിക റഡാര്‍ സിസ്റ്റം നടപ്പില്‍ വരുത്തി.രാജ കുടുംബാംഗങ്ങളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് തടയാന്‍ കലവറകളിലും അടുക്കളയിലും ഭോജ്യശാലകളിലും റോബോട്ടുകളുടെ സേവനം ഉറപ്പുവരുത്തി.
വേഷപ്രച്ഛന്നരെ തിരിച്ചറിയാന്‍ വേണ്ടി പ്രത്യേകതരം ഡിറ്റക്റ്ററുകള്‍ വികസിപ്പിച്ചെടുത്തു.വിപ്ലവവാദികളുടെ വളര്‍ച്ച തടയാനായി വനനശീകരണം ഔദ്യോഗിക നയമായി അംഗീകരിച്ചു.ഭരണവ്യൂഹം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ തടയാന്‍ കരിങ്കരടികള്‍ എന്നപേരില്‍ ഒരു പ്രത്യേക സേന വിഭാഗം തന്നെ വികസിപ്പിച്ചെടുത്തു.
സര്‍വോപരി പാണ്ഡവപക്ഷത്തോട് അനുഭാവം കാട്ടിയവരെ പരസ്യമായി തൂക്കിലേറ്റി.
കരിങ്കരടികള്‍ക്ക് അഞ്ച് വീതം എ.കെ.47 റൈഫിളുകള്‍ നല്‍കിയിരുന്നു.ഇതിനു കാരണം പാണ്ഡവര്‍ എണ്ണത്തില്‍ അഞ്ച് ആയിരുന്നതു കൊണ്ടാണെന്നു കേള്‍ക്കുന്നു.പ്രസ്തുത ഉദ്ദേശത്തിന്റെ സാധൂകരണാര്‍ത്ഥം അഞ്ച് ജോഡി കൈകളുള്ള സങ്കര സന്തതികളെ നിര്‍മിക്കാന്‍ പരീക്ഷണശാലകളില്‍ തകൃതിയായ ശ്രമങ്ങള്‍ നടന്നു.ഇതിലും രഹസ്യമായ സംഗതി വാത്മീകിയെ കണ്ടെടുക്കാന്‍ നടത്തിയ ശ്രമങ്ങളാണ്.വനനശീകരണം ഔദ്യോഗിക നയമാകയാല്‍ വിദേശരാജ്യങ്ങളിലെ വനങ്ങളിലേക്കാണ് സൈന്യത്തെ അയച്ചത്.അങ്ങനെ വാത്മീകിയെ കണ്ടെത്താനും ദശമുഖന്റെ അഡ്രസ് കൈപ്പറ്റി അദ്ദേഹത്തോട് സഹായം അഭ്യര്‍ത്ഥിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു ഈ യത്നമെന്ന് കുബുദ്ധികള്‍ പറയുന്നു.എന്നാല്‍ ഇതും ഫലശൂന്യമാവുകയാണുണ്ടായത്.
ഈ സമയം പേടിത്തൊണ്ടന്മാരായ പാണ്ഡവരോ...?അവര്‍ കരടികളുടെ പിടിയില്‍ പെടാതെ പാത്തും പതുങ്ങിയും കഴിഞ്ഞു.നേരിട്ട് പൊരുതാന്‍ ശ്രമിച്ചാല്‍ അവരുടെ ഗാണ്ഡീവവും വാരിക്കുന്തങ്ങളുമൊക്കെ അഭിനവ ആയുധങ്ങളുടെ മുന്‍പില്‍ എന്താവാനാണ്?
രാജ്യത്തിന്റെ ചില കോണുകളില്‍ അത്രയൊന്നും ശുഭകരമല്ലാത്ത സംഗതികള്‍ നടന്നു.തുടര്‍ന്ന് രാജകുടുംബാംഗങ്ങളുടെ സെക്യൂരിറ്റി സുശക്തമാക്കി.രാജാവടക്കം നൂറു സഹോദരങ്ങള്‍ക്ക്,ധൃതരാഷ്ട്രര്‍ക്ക്,ഗാന്ധാരിക്ക്,ശകുനിക്ക്,കര്‍ണ്ണന്,ശകുനിക്ക്...അങ്ങനെ എത്രയോ വി.വി.ഐ.പി.കള്‍ക്ക്.ചുരുക്കത്തില്‍ കൊട്ടാരം അംഗരക്ഷകരാല്‍ നിറഞ്ഞു.
ഒടുവില്‍ ദുര്‍ഭഗ സന്തതികളില്‍ ഒരുവനാണ് അത്കണ്ടെത്തിയത്.പാണ്ഡവരുടെ പരമ്പരയുടെ ഇങ്ങേതലയ്ക്കലുള്ള ഒരു പുത്തന്‍ കൂറ്റുകാരന്‍, ആംഗലേയ സാഹിത്യത്തില്‍ പണ്ഡിതനെന്നു കേഴ്വി കേട്ട ഒരുവന്‍, രാജവാഴ്ചയെ തകര്‍ക്കാന്‍ നാടെങ്ങും വാറോലകള്‍ വാരി വിതറുന്നു,നാടു നീളെ ചുറ്റിനടന്ന് അവന്റെ കൂട്ടത്തില്‍ ആളെക്കൂട്ടുന്നു.ചേരികളുടെ പ്രാന്തത്തിലും പണിശാലകളുടെ കവാടത്തിലും തെരുവോരങ്ങളിലും അവന്‍ കടന്നു ചെല്ലുന്നു,കൂട്ടിന് അവന്റെ നാടകസംഘവും.
പൊടിപുരണ്ടുറങ്ങി കിടക്കുന്ന നഗരച്ചുടു വഴിയിലൂടെ ഒരേകാംഗജാഥയായി അവന്‍ നടന്നു വന്നു,പ്രതിഷേധത്തിന്റെ പതാക കൈകളിലും അമര്‍ഷത്തിന്റെ തീപ്പൊരി കണ്ണുകളിലുമേന്തിക്കൊണ്ട്.വിശപ്പിന്റെ കുഴയിലൂടെ ജീവിതം കോര്‍ത്തെടുക്കുന്ന പാതവക്കത്തെ ചെരിപ്പുകുത്തി മുതല്‍ അമര്‍ഷത്തിന്റെ അഗ്നികുണ്ഡം ഹൃദയത്തില്‍ വളര്‍ത്തുന്ന അസംതൃപ്ത യുവത്വം വരെ അവന്റെ പിമ്പേ നടന്നു.
അവന്‍ പൊട്ടിത്തെറിച്ചു;-വിശക്കുന്ന ബാല്യത്തിന് വിശപ്പടക്കാന്‍ സായുധസൈന്യത്തിന്റെ പരേഡ് മതിയാകുമെന്നു വിധിച്ചവര്‍ക്ക് നേരേ,
പ്രജയുടെ ഭക്ഷണം തട്ടിപ്പറിച്ച് അന്യനേകി ശ്രേഷ്ഠപാരമ്പര്യത്തെക്കുറിച്ച് പ്രസംഗിച്ച് സ്വന്തം മാളികയില്‍ പോയി ഊണുകഴിച്ചുറങ്ങുന്ന അധികാരത്തിനു നേരേ;
അധികാരം അവനെനേരിടാനയച്ചത് കരിങ്കരടികളെയായിരുന്നു.അവന്‍ ശിരസ്സ് നമിച്ചില്ല;ഗോഗുല്‍ത്ത കയറിയില്ല;കുരിശ്ശില്‍ പിടഞ്ഞതുമില്ല.അവരുടെ നിറതോക്കുകള്‍ക്കു മുന്‍പില്‍ അവന്‍ നിസ്തോഭം നിലകൊണ്ടു.ആലയിലെ ചുട്ടുപഴുത്ത ഇരുമ്പിനു മുമ്പില്‍ അവരുടെ ലോഹായുധങ്ങള്‍ തണുത്തുറഞ്ഞു.അവര്‍ മടങ്ങി, വെളിച്ചം കടക്കാത്തനിലവറകളിലേക്ക്.
അന്നു രാത്രി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നു.പ്രമേയം അവതരിപ്പിച്ചു കൊണ്ട് ശ്രീ.ദുശ്ശാസനന്‍ ഇങ്ങനെ പറഞ്ഞു-‘അവനൊരു വിഷവിത്താണ്.അവനെ വെറുതേ വിടുക അപകടമാണ്’
ചഷകങ്ങള്‍ നിരവധിതവണ നിറഞ്ഞൊഴിഞ്ഞതിനു ശേഷം ധ്യാനത്തില്‍ നിന്നുണര്‍ന്ന് ശകുനിയങ്കിള്‍ ഇങ്ങനെ ഉര ചെയ്തു ‘നിഴല്‍ക്കുത്ത്.’
‘ഫൈന്‍ ഐഡിയ അങ്കിള്‍! അവിടുന്ന് ഈയുള്ളവന്റെ സ്റ്റാറ്റസ് കീപ്പ് ചെയ്തു.’കണ്ണുകള്‍ നിറച്ച് മരുമകന്‍ ഗദ്ഗദപുരസ്സരം മൊഴിഞ്ഞു.
‘നിനക്കു വേണ്ടിയല്ലെങ്കില്‍ മറ്റാര്‍ക്കു വേണ്ടി ഞാനിത് ചെയ്യും? നീ സെന്റിമെന്റലാകാതെ.’അങ്കിള്‍ വിനീത വിധേയനായി.
പിന്നെ സല്‍ക്കാര മുറിയില്‍ വിളമ്പിയത് ഗോര്‍ബിയങ്കിള്‍ സമ്മാനിച്ച വോഡ്കയാണെന്ന് കൊട്ടാരവൃത്തങ്ങള്‍ അറിയിക്കുന്നു.
അങ്ങനെ നിഴല്‍ക്കുത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.ഇന്ദ്രപ്രസ്ഥത്തിലെ ഒരു ശുദ്ധബ്രാഹ്മണനാണ് നറുക്ക് വീണത്.
അങ്ങനെ ആ ദിനവും കടന്നെത്തി.അവനപ്പോള്‍ ഫാക്ടറിപ്പടിക്കല്‍ തന്റെ നാടകക്കൂട്ടവുമൊത്തു നില്‍ക്കയായിരുന്നു.നിഴല്‍ക്കുത്തിനുപയോഗിച്ചത് ഇരുമ്പ് ദണ്ഡായിരുന്നു.
ഒന്ന്.. രണ്ട്...മൂന്ന്...
ദുരധികാരത്തിന്റെ ഇരുമ്പു വടികള്‍ അവന്റെ ശിരസ്സിലാഞ്ഞു വീണു.
ഓ പ്രിയപ്പെട്ടവനേ ചതിയുടെ പത്മവ്യൂഹത്തില്‍ പെടുത്തി അവര്‍ നിന്നെയുംതച്ചു കൊന്നിരിക്കുന്നു.കാപട്യത്തിന്റെ നിഴല്‍ക്കുത്തു കളങ്ങളില്‍ അവര്‍ നിന്നെയും ശിരസ്സുതകര്‍ത്ത് കൊന്നിരിക്കുന്നു.
ഇനി ചരിത്രങ്ങള്‍ നിശബ്ദമാണ്.ഇതിഹാസങ്ങള്‍ വിമൂകമാണ്.അവസാന പകുതി എന്തെന്നറിയാതെ ഞാനുഴറുകയാ‍ണ്.
ഇത്രയും നാള്‍ നാം കാത്തു വെച്ചത് നമുക്കു നേരെ തോക്കു ചൂണ്ടുന്ന ദുരധികാരത്തെയാണ് എന്ന അറിവ്,ഇത്ര നാള്‍ നാം തീറ്റിപ്പോറ്റിയത് നാണം കെട്ട നിഷ്പക്ഷതയേയാണെന്ന അറിവ് തകര്‍ന്നുടഞ്ഞ ഒരു ശിരസ്സിന്റെ നോവായി മുമ്പില്‍ നില്‍ക്കുന്നു.
എങ്കിലും എങ്കിലും ഞാന്‍ പ്രതീക്ഷിക്കുകയാണ് ,ഇന്ദ്രപ്രസ്ഥത്തിലെ വൈദ്യുതശ്മശാനത്തില്‍ ഒരു പിടിയായി ഒതുങ്ങിപ്പോയ ചാരക്കൂമ്പാരത്തില്‍ നിന്നും നീ ഈ ലോകത്തോളം വളരുമെന്ന്
നന്നെ ചുവന്നൊരു പാതയിലൂടെ നീ ഭൂമിയിലേക്ക് വസന്തത്തെ നയിച്ചെത്തുമെന്ന്,സത്യമായും സത്യമായും ഞാന്‍ പ്രതീക്ഷിക്കുകയാണ്
.

10 comments:

അനിതാകൊക്കോട്ട് said...

പതിനെട്ടു വര്‍ഷം മുമ്പ് എഴുതിയ കഥയാണിത്.
അന്ന് ഹൃദയത്തിന്റെ നിറം കടും ചുവപ്പായിരുന്നു.
അന്നത്തെ വര്‍ത്തമാനക്കാഴ്ചകളില്‍ നിന്ന് പ്രചോദനം കൊണ്ട് എഴുതിയ കഥയ്ക്ക് ഇന്ന് പ്രസക്തി ഉണ്ടോ എന്നറിയില്ല.
കാരണം ഒക്കെയും എത്രയോ മാറിക്കഴിഞ്ഞിരിക്കുന്നു!

യാരിദ്‌|~|Yarid said...

നന്നായിരിക്കുന്നു അനിതാ. വ്യത്യസ്തയുള്ള ഒന്ന്. വെറുംവാക്കു പറയുന്നതല്ല. ഇഷ്ടെപ്പെട്ടതുകൊണ്ട് മാത്രം കമന്റ്റിടുന്നു.. കവിതകള്‍ വായിച്ചാലും മനസ്സിലാ‍കാത്തതുകൊണ്ട് പിന്‌കാഴ്കളില്‍ കയറി അപ്പോള്‍ തന്നെ തിരിച്ചിറങ്ങി.. ..:)

ലേഖാവിജയ് said...

അനീ,
സാഫ്ദര്‍ ഹാഷ്മിയെ ഓര്‍മ്മ വന്നു.ചോദ്യം ചെയ്യുന്നവനെ നിശ്ശബ്ദനാക്കിയിട്ടെയുള്ളൂ എന്നും ഏതു ഭരണകൂടവും.അല്ലേ?
നിന്റെ എഴുത്തിന്റെ ഭംഗി ഒന്നു വേറെ തന്നെ.ഇന്നത്തെക്കാഴ്ചകളില്‍ നിന്നും എഴുതാം.

മൂര്‍ത്തി said...

സഫ്ദര്‍ ഹാഷ്മിയല്ലേ?

ദിലീപ് വിശ്വനാഥ് said...

വളരെ നന്നായിട്ടുണ്ട് കഥ. തുടര്‍ന്നും എഴുതുക.

വേണു venu said...

ചില കഥകള്‍‍ക്കും കവിതകള്‍ക്കുമൊന്നും കാലത്തിന്‍റെ വേലികള്‍‍ പ്രസക്തി നഷ്ടപ്പ്പെടുത്തുന്നില്ല. അനിതാ, മൂര്‍ച്ചയുള്ള വരികളില്‍‍ അതു തന്നെ പറഞ്ഞിരിക്കുന്നു...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കഥ വളരെ നന്നായിട്ടുണ്ട്

josemon said...

പതിനെട്ടു വര്‍ഷം മുന്‍പ് അതായത് ഞാന്‍ യു പി സ്കൂളില്‍ ആയിരുന്നകാലത്തേ ചുവന്ന മനസ്സുകള്‍ക്ക് ആവേശമായിരുന്ന ഒരാളാണു കഥാനായകനെന്നു മനസ്സിലായി.അന്നത്തെ വര്‍ത്തമാനക്കാഴ്ചകളില്‍ ഉള്ള അജ്ഞ ത നിമിത്തം വിഷവിത്തായ ആ ബ്രാഹ്മണന്‍ ആരാണന്നു മനസ്സിലായില്ല,അതുകോണ്ടുതന്നെ പൂര്‍ണമായും ഉള്‍ക്കൊള്ളാനുമായില്ല.പിന്നെ കഥ യിലേ ഭാഷ നന്നായിട്ടുണ്ട്,പറഞ്ഞരീതിയിലും പുതുമയുണ്ട്.പക്ഷേ ചുവപ്പിനു പഴയ തിളക്കം ഇപ്പോഴില്ലല്ലോ,അത് സ്വയം അണയ്ക്കപ്പെട്ടില്ലേ?

അനിതാകൊക്കോട്ട് said...

‘ഹേമന്തം നഖം കൂര്‍പ്പിക്കുന്ന ഒരു വിളര്‍ത്ത പകലായിരുന്നു അത് ‘എന്നാരംഭിക്കുന്ന ഒരു സച്ചിദാനന്ദന്‍ കവിതയുണ്ട്.
ജനുവരി ഒന്ന് രക്തം.
സഫ്ദര്‍ ഹഷ്മിയും വരാവര റാവുവുമൊക്കെ സജീവമായിരുന്ന അക്കാലം അതൊക്കെ എത്രയോ മുമ്പെന്നു തോന്നുന്നു.
നന്ദി വഴിപോക്കന്‍ ;പിന്നെ കവിതകള്‍ അത്ര ഭീകരമാണോ തിരിച്ചോടിപ്പോകാന്‍ മാത്രം?( കവിതകള്‍ വായനയെ പൂര്‍ണ്ണമാക്കുന്നു എന്നല്ലേ കേഴ്വി!)
ലേഖാജീ നമ്മള്‍ ബുദ്ധിശാലികള്‍ അതു നേരത്തെ മനസ്സിലാക്കിയല്ലൊ.പിന്നെ എഴുത്തിന്റെ ഭംഗി .. അത്ര വേണൊ ജി ?
മൂര്‍ത്തി വാല്മീകി സഗീര്‍ നന്ദി.
സന്തോഷം ജോസ്മോന്‍ വിഷവിത്തിന്റെ മേല്‍ വിലാസത്തിന് ഇവിടെ പ്രാധാന്യമില്ല , അത്തരം ഉപകരണങ്ങള്‍ക്ക് എപ്പോഴും ചവറ്റുകുട്ടയിലാണല്ലൊ സ്ഥാനം.

അനിതാകൊക്കോട്ട് said...

വേണുജി
നന്ദി.
ശരിയാണ്,ചിലപ്പോള്‍ കാലത്തിന്‍റെ വേലികള്‍‍ പ്രസക്തമല്ല.കാരണം ഒരു ചക്രത്തിന്റെ വട്ടം ചുറ്റലാണല്ലൊ മൊത്തം.