ആരാമ്മേ നമ്മുടെ ഫ്രണ്ട് ?
പൊതു വിജ്ഞാനത്തിന്റെ ഗൃഹപാഠം ചെയ്തു കൊണ്ടിരിക്കുന്ന യു.കെ.ജിക്കാരന്റെ ആമുഖമോ പുറത്തെഴുത്തോ ഇല്ലാത്ത ചോദ്യമാണ്.
അവന്റെ പാഠത്തിലേക്കു പാളിനോക്കിയപ്പൊള് ഉത്തരം മനസ്സിലായി.
മണ്ണിര...earth worm
ഇന്നത്തെ കാലത്ത് മൂന്നു ഭാഷയില്‍ വേണം കുട്ടികളേ പഠിപ്പിക്കാന്‍ എന്നാണ്നാട്ട് നടപ്പെങ്കിലും മണ്ണിരയുടെ ഹിന്ദി വാക്ക് അറിയാത്തതിനാല്‍ ഞാന്‍ ആ ഭാഗം മിണ്ടിയില്ല.
മണ്ണിര എങ്ങനാ അമ്മേ നമ്മുടെ ഫ്രണ്ടാവുന്നത്?
അവനു സംശയം തീരുന്നില്ല.
മണ്ണിര പ്രകൃതിയുടെ കലപ്പയാണെന്നു തുടങ്ങി അമ്മ കുട്ടിയായിരിക്കുമ്പോള്‍ ചെറിയ ക്ലാസ്സില്‍ മണ്ണിരയെക്കുറിച്ച് ഒരു മുഴുവന്‍ പാഠമുണ്ടായിരുന്നതടക്കം മണ്ണിരയെക്കുറിച്ച് എനിക്കറിയാവുന്ന ഏതാണ്ട് എല്ലാകാര്യങ്ങളും ഞാനവനോട് പറഞ്ഞു.
എല്ലാകുഞ്ഞുങ്ങളേയും പോലെ അവന് ശ്രദ്ധയോടെ അത് കേട്ടിരുന്നു.
നീ മണ്ണിരയെ കണ്ടിട്ടുണ്ടോ മോനേ..?
ഉണ്ട്...അമ്മേ പണ്ട് ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അത് നമ്മുടെ സിറ്റൌട്ടില്‍ ഇഴഞ്ഞ് വന്നപ്പോള്‍...കണ്ടല്ലൊ.ഇല്ലേ..?
നേരാണ്.
മഴക്കാലത്തൊരിക്കല് ഒരു മണ്ണിര ഇഴഞ്ഞ് ഇറയത്തേക്കു കയറുന്നതു കണ്ട് ഈ വിദ്വാന് നിലവിളിക്കുകയുണ്ടായി.
അച്ഛാ...ഓടി വാ...ദേണ്ടേ..ഒരു പാമ്പ് നമ്മുടെ വീട്ടിലേക്കു വരുന്നേ........
മണ്ണിര വിസര്‍ജ്ജിക്കുന്ന കുരിച്ചില്‍ കട്ടകള്‍ എന്താണെന്നു അവനറിയില്ല.
അടുത്ത തവണ പട്ടാഴിയിലോ കടമ്പനാട്ടോ (അവന്റെ വേരുകള്‍ ) പോകുമ്പോള്‍ പറമ്പില്‍ നിന്ന് അത് കാണിച്ചു കൊടുക്കമെന്ന് ഉറപ്പ് കൊടുത്തതോടെ അവന് ഗൃഹപാഠത്തിലേക്കു തന്നെ തിരിച്ചു പോയി.
പിറ്റേന്ന് ഇടയ്ക്ക് ഈ മണ്ണിരക്കഥ ഓര്‍ത്തപ്പോഴാണ് ഏറ്റകാര്യത്തിന് കനം ഇത്തിരി ഏറിപ്പോയോ എന്നു സംശയിച്ചത്.
ചെറുപ്പത്തില്‍ കടുത്ത വേനലില്‍ ഒഴികെ മണ്ണിരകള്‍ സര്‍വ്വസാധാരണമായ കാഴ്ചയായിരുന്നു.
(അക്കാലത്ത് കടുത്ത വേനല്‍ അത്യപൂര്‍വമായിരുന്നു !)
വേനലിലും അവയുടെ ഉണങ്ങിയ മണ്‍കൂനകള്‍ കാണാമായിരുന്നു.
മണ്ണിരയുടെ കുഴമണ്ണുകൊണ്ട് ഞങ്ങള്‍ പലേരൂപങ്ങളും ഉണ്ടാക്കിയിരുന്നു.അങ്ങനെ ഉണ്ടാക്കിയ മനുഷ്യരൂപങ്ങളെ രങ്ക എന്നും ബില്ല എന്നും പേരിട്ട് ചരടു കൊണ്ട് തൂക്കി കൊല്ലുന്നതില്‍ വിദഗ്ദ്ധനായിരുന്നു എന്റെ ഒരണ്ണന്.(അക്കാലത്ത് വധശിക്ഷ ലഭിച്ച രണ്ട് ക്രിമിനലുകളായിരുന്നു അവര്‍ എന്നോര്‍മ്മിക്കുന്നു.)
ഇന്ന് മണ്ണിരകളേ കാണാറുണ്ടോ?
ഏതാണ്ട് അപൂര്‍വം എന്നു വേണം പറയാന്‍.
ഗ്രാമപ്രദേശത്ത് ജോലി ചെയ്യുന്ന ഒരു വെറ്ററിനറി ഡോക്ടറാണ് ഞാന്‍;മിക്ക ദിവസങ്ങളിലും ചികിത്സാര്‍ത്ഥം ഏതെങ്കിലുമൊക്കെ കര്‍ഷക ഭവനങ്ങള്‍ സന്ദര്‍ശിക്കാറുണ്ട് താനും.
ഇല്ലല്ലൊ!
ഇങ്ങനെയൊരു ജീവിയേയോ അതിന്റെ കൊടിയടയാളമായ മണ്‍കൂനയോ ഇപ്പോള്‍ ഒരു കാലത്തും അത്ര സാധാരണമല്ലല്ലൊ.
അപ്പോള്‍ നമ്മുടെ ആവാസ വ്യവസ്ഥയില്‍ നിന്നും മണ്ണിരകള്‍ പുറംതള്ളപ്പെട്ടു കൊണ്ടിരിക്കുകയാണോ?
പതിയെ...പതിയെ....
പടിപടിയായി....
അവര്‍ പുറംതള്ളപ്പെടുന്നത് നമ്മള് അറിയുന്നില്ല എന്നാണോ?
അപ്പോള്‍ അവന് മണ്ണിരയേയും മണ്‍കൂനയേയും കാട്ടിക്കൊടുക്കുക അത്ര എളുപ്പമല്ല എന്നറിയാം.
ഇതേ പോലെ കുട്ടികള്‍ക്കു മുമ്പില്‍ മറ്റൊരു കെണിയിലും ഞാന്‍ വീണിട്ടുണ്ട്,മുമ്പ്.
നാല് വര്‍ഷം മുമ്പാണ്;എന്റെ വലിയണ്ണന്റെ മകനുമായി കൊച്ചുവര്‍ത്തമാനം പറയുന്നതിനിടയില്‍ എങ്ങനെയോ ആ ജീവി വന്നു ചാടി.
കുഴിയാന.
അതെന്ത് അപ്പച്ചീ? എന്നായി NRK ആയ അന്നത്തെ അഞ്ചുവയസ്സുകാരന്.
ദാ ഇപ്പോള്‍ തന്നെ നിനക്കു കാണിച്ചുതരാമെന്ന ഉറപ്പൊടെ ഞാന്‍ നാടായ നാടൊക്കെ പരതിയെങ്കിലും ഫലമുണ്ടായില്ല.
നോക്കണേ നമ്മുടെ കുട്ടിക്കാലത്തെ ഒരു സംഭവം തന്നെയായിരുന്നു യെവന്.
തരിമണലില്‍ യെവനെക്കൊണ്ട് എന്തു മാത്രം ചിത്രങ്ങള്‍ ഞങ്ങള്‍ എഴുതിച്ചിരിക്കുന്നു.
പിന്നെ കൊല്ലം ഏതാണ്ട് ഒന്നോ രണ്ടോ കഴിഞ്ഞ് മറ്റൊരവധിക്കാലത്ത് നോക്കി നോക്കി ലക്ഷണമൊത്ത ഒരു കൊമ്പന് കുഴിയാനയെ തന്നെ അവന്റെ മുമ്പിലിട്ട് ഞാന്‍ മാനം കാത്തത് അക്കഥയുടെ അവസാനം.
ഞാനൊരു ജീവശാസ്ത്രജ്ഞയൊന്നുമല്ല;ജീവനുള്ളതിനോട് അപാരമായ കമ്പമുള്ള ഒരു സാധാരണവ്യക്തി മാത്രം.
വന്‍ ജീവികള്‍ കരയിലും കടലിലും വേരറ്റുപോകുമ്പോള്‍ നാമറിയുന്നുണ്ട്.
എന്നാല്‍ നമ്മുടെ ചുറ്റുവട്ടത്തെ ഈ കൊച്ചു ജീവികള്‍, ഈ നിസ്സാര പ്രാണികള്‍ കാണാതെയാകുന്നത് നാമറിയുന്നില്ലേ?
ഇല്ലായിരിക്കാം കാരണം അതൊന്നും കാണുവാന്‍ നമുക്കെവിടെ നേരം?
മലകള്‍ അരിഞ്ഞു തള്ളി
പുഴകള്‍ അടിയോളം മാന്തിപ്പൊളിച്ച്
നീര്‍ത്തടങ്ങള്‍ മണ്ണുനിറച്ച് ശ്വാസം നിലപ്പിച്ച്
അങ്ങനെ വികസനം കയറി കയറി പോകുമ്പോള്‍ നമുക്കെന്ത് ചേതം?
മുറിക്കുള്ളില്‍ മക്കള്‍ ജെ.സി.ബിയും ടിപ്പര്‍ ലോറിയും ഓടിച്ചുള്ള കളീയിലാണ്!
വികസനം വന്നു വഴിമുട്ടും മുമ്പ് ഒന്നിറങ്ങി നടന്നാലോ?
മണ്ണിരയേ കോര്‍ത്തൊരു ചൂണ്ടക്കൊളുത്തെങ്ങാനും കണ്ട് കിട്ടിയാലോ?