Thursday, January 25, 2007

കടലു കാണുമ്പോള്‍

ആരാണ് വഴിവക്കിലിന്നിന്റെ
സങ്കടപ്പകലുകള്‍
ചിരിയാല്‍ തെളിക്കുവോന്‍?
ആരാണ് നിറകോപ്പമോന്താതെ
തോണിയില്‍ നിധികാത്തിരിക്കുവാന്‍
തന്റെ കുഞ്ഞുങ്ങളെ കൂടെ വിളിപ്പവന്‍?

ആരുമോരാത്ത നിഗൂഢ
ദൂരങ്ങളില്‍ നമ്മളേ
കാത്തിരിക്കുന്ന കടലോരങ്ങള്‍.
കനിവിന്റെ ശംഖും
പഴങ്കഥകളുള്ളില്‍ പെറുക്കിയീ-
ക്കിഴവനും കാക്കുന്നു നമ്മളേ.

കടലു നീ തനിയേ തുഴഞ്ഞപ്പോ-
ഴിടിമിന്നലൊളി പോലെ
ഓരോയിറക്കവും,ചുഴികളും
നിഴലിന്റെയല വിട്ടു നിധിവരും
ചിരിവിരിച്ചൊറ്റയ്ക്കു
കാതോര്‍ത്തിരിക്കാന്‍ ശ്രമിപ്പു നീ.

വെയിലേറ്റു വെയിലേറ്റു
കുട്ടികള്‍ വേവുന്നു;തിരമാല-
യുപ്പുതിന്നച്ഛ്നും വേവുന്നു.
തിരകള്‍ക്കു മേലേയൊടുക്കത്തെ
നിദ്രയും നിനവിന്റെ
കണ്ണും തിരഞ്ഞേയിരിപ്പവന്‍.

കടല്‍ കണ്ടിരുന്നവര്‍ കഥതീര്‍-
ന്നെണീറ്റുപോയ്,നിധി കാത്തിരിപ്പവര്‍
അതേയിരിപ്പെത്ര നാള്‍.
നിദ്രവിട്ടച്ഛ്നെണീറ്റുപോയാദ്യമേ
കടലു താണ്ടുവാനെത്തുന്ന കുതിരയും
കാത്തിരിപ്പാണവര്‍ കുഞ്ഞുങ്ങള്‍.

അമ്മയാണിങ്ങനെ
തലതല്ലിയാര്‍ക്കും
മഹാഭ്രാന്തസാഗരം.
അതില്‍ കടലുപ്പുപോലെ
ഉണര്‍വില്‍ നിന്നിറ്റുന്നൊ
രൊറ്റനീര്‍ത്തുള്ളി നാം!

കുതിരകള്‍
പാഞ്ഞു പാഞ്ഞൊടു-
വിലീക്കടലും കടക്കുന്നു.
ദിനരേഖയില്‍ നീണ്ട
നിഴലുപോലിന്നുമീ
കിഴവനും നമ്മളും മാത്രം.