Monday, December 31, 2007

മോഷണം... മോഷണം...മോഷണം

ഡിസം ബര്‍ 23 നു ഞാന്‍ ബ്ളോഗില്‍ പ്രസിദ്ധീകരിച്ച കവിത കുളി ഇവിടെ. http://pinkazhchakal.blogspot.com/2007/12/blog-post.html#links.ഇതേ കവിത തന്നെ തലക്കെട്ടില്ലാതെയും വരികള്‍ തിരിക്കാതെയും പിറ്റേദിവസം തന്നെ ഇവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.http://sabeenabasheer.blogspot.com/2007/12/blog-post.htmlഎഴുതിയത് ആരെന്നു പ്രത്യേകം ചേര്‍ക്കാത്തിടത്തോളം സൃഷ്ടി ബ്ളോഗറുടേത് എന്നാണല്ലൊ പൊതു ധാരണ.ഈ ബ്ലോഗിനെ കുറിച്ച് അറിഞ്ഞത് ഇവിടെ നിന്നാണ്.http://www.orkut.com/Profile.aspx?uid=189291932846899369.
ഡിസംബര്‍ 25 നു തന്നെ ശ്രീമതിയുടെ സ്ക്രാപ്ബുക്കില്‍ ഇതിനെ കുറിച്ച് എഴുതിയിട്ടും യാതൊരു പ്രതികരണവും ഇല്ല.

Saturday, December 8, 2007

നിഴല്‍ക്കുത്ത്

ഇത് ഇതുവരെ ചരിത്രങ്ങള്‍ പറയാത്തൊരു കഥയാണ്.
ചരിത്രത്തിന്റെ വഴുക്കുന്ന ഇടവഴികളിലൊന്നില്‍ മറഞ്ഞിരുന്നൊരു കഥ.
വഴികാട്ടിയില്ലാതെ ചരിത്രത്തിന്റെ കല്ലുടഞ്ഞ ഊടുവഴികളിലലഞ്ഞുനടന്ന്‍ ഞാന്‍ മോഷ്ടിച്ചെടുത്ത ഒരു നിഴല്‍ക്കുത്തിന്റെ കഥ.
ഇന്ദ്രപ്രസ്ഥത്തിലെ പുതുവത്സരാഘോഷങ്ങളില്‍ പെടുന്നതാണ് നിഴല്‍ക്കുത്ത് എന്ന് ഐതിഹ്യങ്ങളും പുരാണങ്ങളും നമ്മോടു പറയുന്നു.കുറേക്കൂടി വ്യക്തമാക്കിയാല്‍ പുതുവത്സരാഘോഷങ്ങളില്‍ ഒന്നുമാത്രമാണ് നിഴല്‍ക്കുത്ത്.നിഴല്‍ക്കുത്ത് തൊഴുത്തില്‍കുത്തിന്റെ ഒരു വകഭേദം മാത്രമാണെന്ന്‍ കാഡ്വലിനെപോലുള്ള സായ്പുമാര്‍ പണ്ടേ അഭിപ്രായപ്പെട്ടിട്ടുണ്ട്.വേലി തന്നെ വിളവു തിന്നുക എന്ന തത്ത്വത്തില്‍ വിശ്വസിക്കാന്‍ കഴിയാത്ത നിരവധി ഗുണ്ടര്‍ട്ടുമാ‍ര്‍ അതിനേ എതിര്‍ത്തിട്ടുണ്ട്.
അവയൊക്കെയും ചരിത്രത്തിന്റെ തളിരിലകള്‍ മാത്രം.നാമാരും ചരിത്രപണ്ഡിതരോ ഗവേഷകരോ അല്ല എന്നതു കൊണ്ട് തൊഴുത്തില്‍കുത്തും നിഴല്‍ക്കുത്തും തമ്മിലുള്ള ബന്ധം ഏതുവിധമാണെന്നു ചിന്തിച്ച് തല പുകയ്ക്കുന്നത് അസംബന്ധമാണ്.
എങ്കില്‍ പോലും നിഴല്‍കുത്തിന്റെ മാര്‍ഗ്ഗങ്ങള്‍ എങ്ങനെ കിടയറ്റതും കൃത്യവുമാക്കാം എന്നതിനെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി ആസ്ഥാനഗവേഷകരില്‍ പലരും ന്യൂയോര്‍ക്കിലേക്ക് വിമാനം കയറിയ വസ്തുത ഇണങ്ങാത്ത കണ്ണികളായി നമ്മെ പിണക്കുന്നു.
നിഴല്‍ക്കുത്ത് കളങ്ങളില്‍ അന്തിമവിജയം ലഭിച്ചത് ആര്‍ക്കായാലും അരങ്ങില്‍ കത്തിയമര്‍ന്നു വീണവികാരങ്ങളുടെ ഉടമ ആരായിരുന്നാലും ഞാനോ നിങ്ങളോ ഖേദിക്കേണ്ടതില്ല.എന്തെന്നാല്‍ ചരിത്രത്തിന്റെയും ഇതിഹാസത്തിന്റെയും ഇടുങ്ങിയ പാതകളില്‍ തുടരെ സംഭവിക്കുന്നൊരു പ്രക്രിയ മാത്രമാണ് നിഴല്‍ക്കുത്ത്.അധികാര സിംഹാസനങ്ങളില്‍ പുരട്ടിയ ചായം ചുവപ്പോ മഞ്ഞയോ ആകട്ടെ,നിഴല്‍ക്കുത്തിനു നിറം ഒന്നാണ് കറുപ്പ്.കറുപ്പ് മാത്രം.
എല്ലായ്പ്പോഴും എന്നതു പോലെ ഇന്ദ്രപ്രസ്ഥം ഭരിച്ചിരുന്നത് കൌരവരായിരുന്നു.പാണ്ഡവര്‍ സ്ഥാനഭ്രഷ്ടരാക്കപ്പെട്ടിരുന്നു.പാണ്ഡവരുടെ ഇരുട്ടടി പ്രതീക്ഷിച്ച കൌരവര്‍ അധികാരം ഉറപ്പിച്ചു നിര്‍ത്തുന്നതിനു വേണ്ടി ആസ്ഥാന ശാസ്ത്രജ്ഞന്മാരെ നിയമിച്ചു.അവരുടെ ആശയങ്ങള്‍ പുതുപുത്തന്‍ ആയുധങ്ങളുംതന്ത്രങ്ങളുമായി ദിനം പ്രതി മുളച്ചുവന്നു.
പ്രയോഗക്ഷമവും സുസജ്ജവുമായ തരത്തില്‍ കര-വ്യോമ-നാവികസേനകള്‍ വിന്യസിക്കപ്പെട്ടു.അതിര്‍ത്തികളില്‍ ആകാശം മുട്ടെ വൈദ്യുത വേലികള്‍ സ്ഥാപിച്ചു.രാജകുടുംബാംഗങ്ങളുടെയും രാജസേവകരുടെയും ഭവനങ്ങളില്‍ അത്യാധുനിക റഡാര്‍ സിസ്റ്റം നടപ്പില്‍ വരുത്തി.രാജ കുടുംബാംഗങ്ങളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് തടയാന്‍ കലവറകളിലും അടുക്കളയിലും ഭോജ്യശാലകളിലും റോബോട്ടുകളുടെ സേവനം ഉറപ്പുവരുത്തി.
വേഷപ്രച്ഛന്നരെ തിരിച്ചറിയാന്‍ വേണ്ടി പ്രത്യേകതരം ഡിറ്റക്റ്ററുകള്‍ വികസിപ്പിച്ചെടുത്തു.വിപ്ലവവാദികളുടെ വളര്‍ച്ച തടയാനായി വനനശീകരണം ഔദ്യോഗിക നയമായി അംഗീകരിച്ചു.ഭരണവ്യൂഹം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ തടയാന്‍ കരിങ്കരടികള്‍ എന്നപേരില്‍ ഒരു പ്രത്യേക സേന വിഭാഗം തന്നെ വികസിപ്പിച്ചെടുത്തു.
സര്‍വോപരി പാണ്ഡവപക്ഷത്തോട് അനുഭാവം കാട്ടിയവരെ പരസ്യമായി തൂക്കിലേറ്റി.
കരിങ്കരടികള്‍ക്ക് അഞ്ച് വീതം എ.കെ.47 റൈഫിളുകള്‍ നല്‍കിയിരുന്നു.ഇതിനു കാരണം പാണ്ഡവര്‍ എണ്ണത്തില്‍ അഞ്ച് ആയിരുന്നതു കൊണ്ടാണെന്നു കേള്‍ക്കുന്നു.പ്രസ്തുത ഉദ്ദേശത്തിന്റെ സാധൂകരണാര്‍ത്ഥം അഞ്ച് ജോഡി കൈകളുള്ള സങ്കര സന്തതികളെ നിര്‍മിക്കാന്‍ പരീക്ഷണശാലകളില്‍ തകൃതിയായ ശ്രമങ്ങള്‍ നടന്നു.ഇതിലും രഹസ്യമായ സംഗതി വാത്മീകിയെ കണ്ടെടുക്കാന്‍ നടത്തിയ ശ്രമങ്ങളാണ്.വനനശീകരണം ഔദ്യോഗിക നയമാകയാല്‍ വിദേശരാജ്യങ്ങളിലെ വനങ്ങളിലേക്കാണ് സൈന്യത്തെ അയച്ചത്.അങ്ങനെ വാത്മീകിയെ കണ്ടെത്താനും ദശമുഖന്റെ അഡ്രസ് കൈപ്പറ്റി അദ്ദേഹത്തോട് സഹായം അഭ്യര്‍ത്ഥിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു ഈ യത്നമെന്ന് കുബുദ്ധികള്‍ പറയുന്നു.എന്നാല്‍ ഇതും ഫലശൂന്യമാവുകയാണുണ്ടായത്.
ഈ സമയം പേടിത്തൊണ്ടന്മാരായ പാണ്ഡവരോ...?അവര്‍ കരടികളുടെ പിടിയില്‍ പെടാതെ പാത്തും പതുങ്ങിയും കഴിഞ്ഞു.നേരിട്ട് പൊരുതാന്‍ ശ്രമിച്ചാല്‍ അവരുടെ ഗാണ്ഡീവവും വാരിക്കുന്തങ്ങളുമൊക്കെ അഭിനവ ആയുധങ്ങളുടെ മുന്‍പില്‍ എന്താവാനാണ്?
രാജ്യത്തിന്റെ ചില കോണുകളില്‍ അത്രയൊന്നും ശുഭകരമല്ലാത്ത സംഗതികള്‍ നടന്നു.തുടര്‍ന്ന് രാജകുടുംബാംഗങ്ങളുടെ സെക്യൂരിറ്റി സുശക്തമാക്കി.രാജാവടക്കം നൂറു സഹോദരങ്ങള്‍ക്ക്,ധൃതരാഷ്ട്രര്‍ക്ക്,ഗാന്ധാരിക്ക്,ശകുനിക്ക്,കര്‍ണ്ണന്,ശകുനിക്ക്...അങ്ങനെ എത്രയോ വി.വി.ഐ.പി.കള്‍ക്ക്.ചുരുക്കത്തില്‍ കൊട്ടാരം അംഗരക്ഷകരാല്‍ നിറഞ്ഞു.
ഒടുവില്‍ ദുര്‍ഭഗ സന്തതികളില്‍ ഒരുവനാണ് അത്കണ്ടെത്തിയത്.പാണ്ഡവരുടെ പരമ്പരയുടെ ഇങ്ങേതലയ്ക്കലുള്ള ഒരു പുത്തന്‍ കൂറ്റുകാരന്‍, ആംഗലേയ സാഹിത്യത്തില്‍ പണ്ഡിതനെന്നു കേഴ്വി കേട്ട ഒരുവന്‍, രാജവാഴ്ചയെ തകര്‍ക്കാന്‍ നാടെങ്ങും വാറോലകള്‍ വാരി വിതറുന്നു,നാടു നീളെ ചുറ്റിനടന്ന് അവന്റെ കൂട്ടത്തില്‍ ആളെക്കൂട്ടുന്നു.ചേരികളുടെ പ്രാന്തത്തിലും പണിശാലകളുടെ കവാടത്തിലും തെരുവോരങ്ങളിലും അവന്‍ കടന്നു ചെല്ലുന്നു,കൂട്ടിന് അവന്റെ നാടകസംഘവും.
പൊടിപുരണ്ടുറങ്ങി കിടക്കുന്ന നഗരച്ചുടു വഴിയിലൂടെ ഒരേകാംഗജാഥയായി അവന്‍ നടന്നു വന്നു,പ്രതിഷേധത്തിന്റെ പതാക കൈകളിലും അമര്‍ഷത്തിന്റെ തീപ്പൊരി കണ്ണുകളിലുമേന്തിക്കൊണ്ട്.വിശപ്പിന്റെ കുഴയിലൂടെ ജീവിതം കോര്‍ത്തെടുക്കുന്ന പാതവക്കത്തെ ചെരിപ്പുകുത്തി മുതല്‍ അമര്‍ഷത്തിന്റെ അഗ്നികുണ്ഡം ഹൃദയത്തില്‍ വളര്‍ത്തുന്ന അസംതൃപ്ത യുവത്വം വരെ അവന്റെ പിമ്പേ നടന്നു.
അവന്‍ പൊട്ടിത്തെറിച്ചു;-വിശക്കുന്ന ബാല്യത്തിന് വിശപ്പടക്കാന്‍ സായുധസൈന്യത്തിന്റെ പരേഡ് മതിയാകുമെന്നു വിധിച്ചവര്‍ക്ക് നേരേ,
പ്രജയുടെ ഭക്ഷണം തട്ടിപ്പറിച്ച് അന്യനേകി ശ്രേഷ്ഠപാരമ്പര്യത്തെക്കുറിച്ച് പ്രസംഗിച്ച് സ്വന്തം മാളികയില്‍ പോയി ഊണുകഴിച്ചുറങ്ങുന്ന അധികാരത്തിനു നേരേ;
അധികാരം അവനെനേരിടാനയച്ചത് കരിങ്കരടികളെയായിരുന്നു.അവന്‍ ശിരസ്സ് നമിച്ചില്ല;ഗോഗുല്‍ത്ത കയറിയില്ല;കുരിശ്ശില്‍ പിടഞ്ഞതുമില്ല.അവരുടെ നിറതോക്കുകള്‍ക്കു മുന്‍പില്‍ അവന്‍ നിസ്തോഭം നിലകൊണ്ടു.ആലയിലെ ചുട്ടുപഴുത്ത ഇരുമ്പിനു മുമ്പില്‍ അവരുടെ ലോഹായുധങ്ങള്‍ തണുത്തുറഞ്ഞു.അവര്‍ മടങ്ങി, വെളിച്ചം കടക്കാത്തനിലവറകളിലേക്ക്.
അന്നു രാത്രി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നു.പ്രമേയം അവതരിപ്പിച്ചു കൊണ്ട് ശ്രീ.ദുശ്ശാസനന്‍ ഇങ്ങനെ പറഞ്ഞു-‘അവനൊരു വിഷവിത്താണ്.അവനെ വെറുതേ വിടുക അപകടമാണ്’
ചഷകങ്ങള്‍ നിരവധിതവണ നിറഞ്ഞൊഴിഞ്ഞതിനു ശേഷം ധ്യാനത്തില്‍ നിന്നുണര്‍ന്ന് ശകുനിയങ്കിള്‍ ഇങ്ങനെ ഉര ചെയ്തു ‘നിഴല്‍ക്കുത്ത്.’
‘ഫൈന്‍ ഐഡിയ അങ്കിള്‍! അവിടുന്ന് ഈയുള്ളവന്റെ സ്റ്റാറ്റസ് കീപ്പ് ചെയ്തു.’കണ്ണുകള്‍ നിറച്ച് മരുമകന്‍ ഗദ്ഗദപുരസ്സരം മൊഴിഞ്ഞു.
‘നിനക്കു വേണ്ടിയല്ലെങ്കില്‍ മറ്റാര്‍ക്കു വേണ്ടി ഞാനിത് ചെയ്യും? നീ സെന്റിമെന്റലാകാതെ.’അങ്കിള്‍ വിനീത വിധേയനായി.
പിന്നെ സല്‍ക്കാര മുറിയില്‍ വിളമ്പിയത് ഗോര്‍ബിയങ്കിള്‍ സമ്മാനിച്ച വോഡ്കയാണെന്ന് കൊട്ടാരവൃത്തങ്ങള്‍ അറിയിക്കുന്നു.
അങ്ങനെ നിഴല്‍ക്കുത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.ഇന്ദ്രപ്രസ്ഥത്തിലെ ഒരു ശുദ്ധബ്രാഹ്മണനാണ് നറുക്ക് വീണത്.
അങ്ങനെ ആ ദിനവും കടന്നെത്തി.അവനപ്പോള്‍ ഫാക്ടറിപ്പടിക്കല്‍ തന്റെ നാടകക്കൂട്ടവുമൊത്തു നില്‍ക്കയായിരുന്നു.നിഴല്‍ക്കുത്തിനുപയോഗിച്ചത് ഇരുമ്പ് ദണ്ഡായിരുന്നു.
ഒന്ന്.. രണ്ട്...മൂന്ന്...
ദുരധികാരത്തിന്റെ ഇരുമ്പു വടികള്‍ അവന്റെ ശിരസ്സിലാഞ്ഞു വീണു.
ഓ പ്രിയപ്പെട്ടവനേ ചതിയുടെ പത്മവ്യൂഹത്തില്‍ പെടുത്തി അവര്‍ നിന്നെയുംതച്ചു കൊന്നിരിക്കുന്നു.കാപട്യത്തിന്റെ നിഴല്‍ക്കുത്തു കളങ്ങളില്‍ അവര്‍ നിന്നെയും ശിരസ്സുതകര്‍ത്ത് കൊന്നിരിക്കുന്നു.
ഇനി ചരിത്രങ്ങള്‍ നിശബ്ദമാണ്.ഇതിഹാസങ്ങള്‍ വിമൂകമാണ്.അവസാന പകുതി എന്തെന്നറിയാതെ ഞാനുഴറുകയാ‍ണ്.
ഇത്രയും നാള്‍ നാം കാത്തു വെച്ചത് നമുക്കു നേരെ തോക്കു ചൂണ്ടുന്ന ദുരധികാരത്തെയാണ് എന്ന അറിവ്,ഇത്ര നാള്‍ നാം തീറ്റിപ്പോറ്റിയത് നാണം കെട്ട നിഷ്പക്ഷതയേയാണെന്ന അറിവ് തകര്‍ന്നുടഞ്ഞ ഒരു ശിരസ്സിന്റെ നോവായി മുമ്പില്‍ നില്‍ക്കുന്നു.
എങ്കിലും എങ്കിലും ഞാന്‍ പ്രതീക്ഷിക്കുകയാണ് ,ഇന്ദ്രപ്രസ്ഥത്തിലെ വൈദ്യുതശ്മശാനത്തില്‍ ഒരു പിടിയായി ഒതുങ്ങിപ്പോയ ചാരക്കൂമ്പാരത്തില്‍ നിന്നും നീ ഈ ലോകത്തോളം വളരുമെന്ന്
നന്നെ ചുവന്നൊരു പാതയിലൂടെ നീ ഭൂമിയിലേക്ക് വസന്തത്തെ നയിച്ചെത്തുമെന്ന്,സത്യമായും സത്യമായും ഞാന്‍ പ്രതീക്ഷിക്കുകയാണ്
.

Friday, February 16, 2007

ചില മണ്ണിര ചിന്തകള്‍.

ആരാമ്മേ നമ്മുടെ ഫ്രണ്ട് ?
പൊതു വിജ്ഞാനത്തിന്റെ ഗൃഹപാഠം ചെയ്തു കൊണ്ടിരിക്കുന്ന യു.കെ.ജിക്കാരന്റെ ആമുഖമോ പുറത്തെഴുത്തോ ഇല്ലാത്ത ചോദ്യമാണ്.
അവന്റെ പാഠത്തിലേക്കു പാളിനോക്കിയപ്പൊള്‍ ഉത്തരം മനസ്സിലായി.
മണ്ണിര...earth worm
ഇന്നത്തെ കാലത്ത് മൂന്നു ഭാഷയില്‍ വേണം കുട്ടികളേ പഠിപ്പിക്കാന്‍ എന്നാണ്നാട്ട് നടപ്പെങ്കിലും മണ്ണിരയുടെ ഹിന്ദി വാക്ക് അറിയാത്തതിനാല്‍ ഞാന്‍ ആ ഭാഗം മിണ്ടിയില്ല.
മണ്ണിര എങ്ങനാ അമ്മേ നമ്മുടെ ഫ്രണ്ടാവുന്നത്?
അവനു സംശയം തീരുന്നില്ല.
മണ്ണിര പ്രകൃതിയുടെ കലപ്പയാണെന്നു തുടങ്ങി അമ്മ കുട്ടിയായിരിക്കുമ്പോള്‍ ചെറിയ ക്ലാസ്സില്‍ മണ്ണിരയെക്കുറിച്ച് ഒരു മുഴുവന്‍ പാഠമുണ്ടായിരുന്നതടക്കം മണ്ണിരയെക്കുറിച്ച് എനിക്കറിയാവുന്ന ഏതാണ്ട് എല്ലാകാര്യങ്ങളും ഞാനവനോട് പറഞ്ഞു.
എല്ലാകുഞ്ഞുങ്ങളേയും പോലെ അവന്‍ ശ്രദ്ധയോടെ അത് കേട്ടിരുന്നു.
നീ മണ്ണിരയെ കണ്ടിട്ടുണ്ടോ മോനേ..?
ഉണ്ട്...അമ്മേ പണ്ട് ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അത് നമ്മുടെ സിറ്റൌട്ടില്‍ ഇഴഞ്ഞ് വന്നപ്പോള്‍...കണ്ടല്ലൊ.ഇല്ലേ..?
നേരാണ്.
മഴക്കാലത്തൊരിക്കല്‍ ഒരു മണ്ണിര ഇഴഞ്ഞ് ഇറയത്തേക്കു കയറുന്നതു കണ്ട് ഈ വിദ്വാന്‍ നിലവിളിക്കുകയുണ്ടായി.
അച്ഛാ...ഓടി വാ...ദേണ്ടേ..ഒരു പാമ്പ് നമ്മുടെ വീട്ടിലേക്കു വരുന്നേ........
മണ്ണിര വിസര്‍ജ്ജിക്കുന്ന കുരിച്ചില്‍ കട്ടകള്‍ എന്താണെന്നു അവനറിയില്ല.
അടുത്ത തവണ പട്ടാഴിയിലോ കടമ്പനാട്ടോ (അവന്റെ വേരുകള്‍ ) പോകുമ്പോള്‍ പറമ്പില്‍ നിന്ന് അത് കാണിച്ചു കൊടുക്കമെന്ന് ഉറപ്പ് കൊടുത്തതോടെ അവന്‍ ഗൃഹപാഠത്തിലേക്കു തന്നെ തിരിച്ചു പോയി.
പിറ്റേന്ന് ഇടയ്ക്ക് ഈ മണ്ണിരക്കഥ ഓര്‍ത്തപ്പോഴാണ് ഏറ്റകാര്യത്തിന് കനം ഇത്തിരി ഏറിപ്പോയോ എന്നു സംശയിച്ചത്.
ചെറുപ്പത്തില്‍ കടുത്ത വേനലില്‍ ഒഴികെ മണ്ണിരകള്‍ സര്‍വ്വസാധാരണമായ കാഴ്ചയായിരുന്നു.
(അക്കാലത്ത് കടുത്ത വേനല്‍ അത്യപൂര്‍വമായിരുന്നു !)
വേനലിലും അവയുടെ ഉണങ്ങിയ മണ്‍കൂനകള്‍ കാണാമായിരുന്നു.
മണ്ണിരയുടെ കുഴമണ്ണുകൊണ്ട് ഞങ്ങള്‍ പലേരൂപങ്ങളും ഉണ്ടാക്കിയിരുന്നു.അങ്ങനെ ഉണ്ടാക്കിയ മനുഷ്യരൂപങ്ങളെ രങ്ക എന്നും ബില്ല എന്നും പേരിട്ട് ചരടു കൊണ്ട് തൂക്കി കൊല്ലുന്നതില്‍ വിദഗ്ദ്ധനായിരുന്നു എന്റെ ഒരണ്ണന്‍.(അക്കാലത്ത് വധശിക്ഷ ലഭിച്ച രണ്ട് ക്രിമിനലുകളായിരുന്നു അവര്‍ എന്നോര്‍മ്മിക്കുന്നു.)
ഇന്ന് മണ്ണിരകളേ കാണാറുണ്ടോ?
ഏതാണ്ട് അപൂര്‍വം എന്നു വേണം പറയാന്‍.
ഗ്രാമപ്രദേശത്ത് ജോലി ചെയ്യുന്ന ഒരു വെറ്ററിനറി ഡോക്ടറാണ് ഞാന്‍;മിക്ക ദിവസങ്ങളിലും ചികിത്സാര്‍ത്ഥം ഏതെങ്കിലുമൊക്കെ കര്‍ഷക ഭവനങ്ങള്‍ സന്ദര്‍ശിക്കാറുണ്ട് താനും.
ഇല്ലല്ലൊ!
ഇങ്ങനെയൊരു ജീവിയേയോ അതിന്റെ കൊടിയടയാളമായ മണ്‍കൂനയോ ഇപ്പോള്‍ ഒരു കാലത്തും അത്ര സാധാരണമല്ലല്ലൊ.
അപ്പോള്‍ നമ്മുടെ ആവാസ വ്യവസ്ഥയില്‍ നിന്നും മണ്ണിരകള്‍ പുറംതള്ളപ്പെട്ടു കൊണ്ടിരിക്കുകയാണോ?
പതിയെ...പതിയെ....
പടിപടിയായി....
അവര്‍ പുറംതള്ളപ്പെടുന്നത് നമ്മള്‍ അറിയുന്നില്ല എന്നാണോ?
അപ്പോള്‍ അവന് മണ്ണിരയേയും മണ്‍കൂനയേയും കാട്ടിക്കൊടുക്കുക അത്ര എളുപ്പമല്ല എന്നറിയാം.
ഇതേ പോലെ കുട്ടികള്‍ക്കു മുമ്പില്‍ മറ്റൊരു കെണിയിലും ഞാന്‍ വീണിട്ടുണ്ട്,മുമ്പ്.
നാല് വര്‍ഷം മുമ്പാണ്;എന്റെ വലിയണ്ണന്റെ മകനുമായി കൊച്ചുവര്‍ത്തമാനം പറയുന്നതിനിടയില്‍ എങ്ങനെയോ ആ ജീവി വന്നു ചാടി.
കുഴിയാന.
അതെന്ത് അപ്പച്ചീ? എന്നായി NRK ആയ അന്നത്തെ അഞ്ചുവയസ്സുകാരന്‍.
ദാ ഇപ്പോള്‍ തന്നെ നിനക്കു കാണിച്ചുതരാമെന്ന ഉറപ്പൊടെ ഞാന്‍ നാടായ നാടൊക്കെ പരതിയെങ്കിലും ഫലമുണ്ടായില്ല.
നോക്കണേ നമ്മുടെ കുട്ടിക്കാലത്തെ ഒരു സംഭവം തന്നെയായിരുന്നു യെവന്‍.
തരിമണലില്‍ യെവനെക്കൊണ്ട് എന്തു മാത്രം ചിത്രങ്ങള്‍ ഞങ്ങള്‍ എഴുതിച്ചിരിക്കുന്നു.
പിന്നെ കൊല്ലം ഏതാണ്ട് ഒന്നോ രണ്ടോ കഴിഞ്ഞ് മറ്റൊരവധിക്കാലത്ത് നോക്കി നോക്കി ലക്ഷണമൊത്ത ഒരു കൊമ്പന്‍ കുഴിയാനയെ തന്നെ അവന്റെ മുമ്പിലിട്ട് ഞാന്‍ മാനം കാത്തത് അക്കഥയുടെ അവസാനം.
ഞാനൊരു ജീവശാസ്ത്രജ്ഞയൊന്നുമല്ല;ജീവനുള്ളതിനോട് അപാരമായ കമ്പമുള്ള ഒരു സാധാരണവ്യക്തി മാത്രം.
വന്‍ ജീവികള്‍ കരയിലും കടലിലും വേരറ്റുപോകുമ്പോള്‍ നാമറിയുന്നുണ്ട്.
എന്നാല്‍ നമ്മുടെ ചുറ്റുവട്ടത്തെ ഈ കൊച്ചു ജീവികള്‍, ഈ നിസ്സാര പ്രാണികള്‍ കാണാതെയാകുന്നത് നാമറിയുന്നില്ലേ?
ഇല്ലായിരിക്കാം കാരണം അതൊന്നും കാണുവാന്‍ നമുക്കെവിടെ നേരം?
മലകള്‍ അരിഞ്ഞു തള്ളി
പുഴകള്‍ അടിയോളം മാന്തിപ്പൊളിച്ച്
നീര്‍ത്തടങ്ങള്‍ മണ്ണുനിറച്ച് ശ്വാസം നിലപ്പിച്ച്
അങ്ങനെ വികസനം കയറി കയറി പോകുമ്പോള്‍ നമുക്കെന്ത് ചേതം?
മുറിക്കുള്ളില്‍ മക്കള്‍ ജെ.സി.ബിയും ടിപ്പര്‍ ലോറിയും ഓടിച്ചുള്ള കളീയിലാണ്!
വികസനം വന്നു വഴിമുട്ടും മുമ്പ് ഒന്നിറങ്ങി നടന്നാലോ?
മണ്ണിരയേ കോര്‍ത്തൊരു ചൂണ്ടക്കൊളുത്തെങ്ങാനും കണ്ട് കിട്ടിയാലോ?

Thursday, January 25, 2007

കടലു കാണുമ്പോള്‍

ആരാണ് വഴിവക്കിലിന്നിന്റെ
സങ്കടപ്പകലുകള്‍
ചിരിയാല്‍ തെളിക്കുവോന്‍?
ആരാണ് നിറകോപ്പമോന്താതെ
തോണിയില്‍ നിധികാത്തിരിക്കുവാന്‍
തന്റെ കുഞ്ഞുങ്ങളെ കൂടെ വിളിപ്പവന്‍?

ആരുമോരാത്ത നിഗൂഢ
ദൂരങ്ങളില്‍ നമ്മളേ
കാത്തിരിക്കുന്ന കടലോരങ്ങള്‍.
കനിവിന്റെ ശംഖും
പഴങ്കഥകളുള്ളില്‍ പെറുക്കിയീ-
ക്കിഴവനും കാക്കുന്നു നമ്മളേ.

കടലു നീ തനിയേ തുഴഞ്ഞപ്പോ-
ഴിടിമിന്നലൊളി പോലെ
ഓരോയിറക്കവും,ചുഴികളും
നിഴലിന്റെയല വിട്ടു നിധിവരും
ചിരിവിരിച്ചൊറ്റയ്ക്കു
കാതോര്‍ത്തിരിക്കാന്‍ ശ്രമിപ്പു നീ.

വെയിലേറ്റു വെയിലേറ്റു
കുട്ടികള്‍ വേവുന്നു;തിരമാല-
യുപ്പുതിന്നച്ഛ്നും വേവുന്നു.
തിരകള്‍ക്കു മേലേയൊടുക്കത്തെ
നിദ്രയും നിനവിന്റെ
കണ്ണും തിരഞ്ഞേയിരിപ്പവന്‍.

കടല്‍ കണ്ടിരുന്നവര്‍ കഥതീര്‍-
ന്നെണീറ്റുപോയ്,നിധി കാത്തിരിപ്പവര്‍
അതേയിരിപ്പെത്ര നാള്‍.
നിദ്രവിട്ടച്ഛ്നെണീറ്റുപോയാദ്യമേ
കടലു താണ്ടുവാനെത്തുന്ന കുതിരയും
കാത്തിരിപ്പാണവര്‍ കുഞ്ഞുങ്ങള്‍.

അമ്മയാണിങ്ങനെ
തലതല്ലിയാര്‍ക്കും
മഹാഭ്രാന്തസാഗരം.
അതില്‍ കടലുപ്പുപോലെ
ഉണര്‍വില്‍ നിന്നിറ്റുന്നൊ
രൊറ്റനീര്‍ത്തുള്ളി നാം!

കുതിരകള്‍
പാഞ്ഞു പാഞ്ഞൊടു-
വിലീക്കടലും കടക്കുന്നു.
ദിനരേഖയില്‍ നീണ്ട
നിഴലുപോലിന്നുമീ
കിഴവനും നമ്മളും മാത്രം.

Monday, November 27, 2006

മരണമെന്നാല്

മരണമെന്നാല്‍ ഒരുതരം ഒളിച്ചുകളിയാണെന്ന് എനിക്ക് പറഞ്ഞു തന്നത് രാമു ആയിരുന്നു.
നൂറ്വരെ എണ്ണി നമ്മള്‍ ഒളിച്ചു കളിക്കില്ലേ.....അതു മാതിരി...
രാമു എനിക്കു രണ്ട് ക്ളാസ് മീതെ ആയിരുന്നു.
അവന്റെ പുസ്തകങ്ങള്‍ എനിക്ക് അത്ഭുതങ്ങളായിരുന്നു.
അതു കൊണ്ട് അറിവില്‍ ഞാന്‍ അങ്ങനെ തന്നെ കുറിച്ചിട്ടു.
മരണമെന്നാല്‍ ............
എന്നാല്‍ അവന്‍ പറഞ്ഞതൊക്കെ നുണയായിരുന്നെന്ന് പിന്നീട് എനിക്ക് ബോദ്ധ്യപ്പെടുകയുണ്ടായി.
വീട്ടു പടിയില്‍ നിന്ന് സ്കൂളിലേക്കുള്ള യാത്രയില്‍ എന്നും ഞാനായിരുന്നു പിറകില്‍.
പെട്ടെന്നൊരു ദിവസം വഴിയില്‍ ഞാനായി മുമ്പില്‍.
ചുവന്നൊരു തുമ്പിക്കു പിറകേ കൈവിരലുകള്‍ ഒരു കെണിയാക്കി റോഡില്‍ തലങ്ങും വിലങ്ങും ഓടിക്കളിക്കുകയായിരുന്നു അവന്‍...............
ഒടുക്കം കൈതപ്പൊന്തകള്‍ക്ക് ഇടയിലേക്ക് തുമ്പി നൂഴ്ന്ന് മറഞ്ഞതോടെ തുമ്പിയേ അവിടെ വിട്ട് എനിക്ക് മുമ്പില്‍ എത്താന്‍ വേണ്ടി അവന്‍ ഓടാന്‍ തുടങ്ങി.
തോല്‍വി ഉറപ്പായിരുന്നിട്ടും ഞാനും ഓടി....,
ഒരൊച്ചയും ചതഞ്ഞു പോയൊരു നിലവിളിയും പിന്‍വിളി വിളിക്കുന്നതു വരെ.
മരണമെന്നാല്‍ ഒരു ഒളിച്ചു കളിയേ അല്ല.
ഞാനറിഞ്ഞു.
മരണമെന്നാല്‍ നന്നേ ചുവപ്പായ ചില പിടച്ചിലുകളുംഎത്ര ദൂരത്തേക്കും പിറകേ വരുന്ന വികൃതമായ ചില കരച്ചിലുകളുമാണ്.
ഓ...കൂട്ടുകാരാ.....മരണമെന്നാല്...........