Thursday, January 25, 2007

കടലു കാണുമ്പോള്‍

ആരാണ് വഴിവക്കിലിന്നിന്റെ
സങ്കടപ്പകലുകള്‍
ചിരിയാല്‍ തെളിക്കുവോന്‍?
ആരാണ് നിറകോപ്പമോന്താതെ
തോണിയില്‍ നിധികാത്തിരിക്കുവാന്‍
തന്റെ കുഞ്ഞുങ്ങളെ കൂടെ വിളിപ്പവന്‍?

ആരുമോരാത്ത നിഗൂഢ
ദൂരങ്ങളില്‍ നമ്മളേ
കാത്തിരിക്കുന്ന കടലോരങ്ങള്‍.
കനിവിന്റെ ശംഖും
പഴങ്കഥകളുള്ളില്‍ പെറുക്കിയീ-
ക്കിഴവനും കാക്കുന്നു നമ്മളേ.

കടലു നീ തനിയേ തുഴഞ്ഞപ്പോ-
ഴിടിമിന്നലൊളി പോലെ
ഓരോയിറക്കവും,ചുഴികളും
നിഴലിന്റെയല വിട്ടു നിധിവരും
ചിരിവിരിച്ചൊറ്റയ്ക്കു
കാതോര്‍ത്തിരിക്കാന്‍ ശ്രമിപ്പു നീ.

വെയിലേറ്റു വെയിലേറ്റു
കുട്ടികള്‍ വേവുന്നു;തിരമാല-
യുപ്പുതിന്നച്ഛ്നും വേവുന്നു.
തിരകള്‍ക്കു മേലേയൊടുക്കത്തെ
നിദ്രയും നിനവിന്റെ
കണ്ണും തിരഞ്ഞേയിരിപ്പവന്‍.

കടല്‍ കണ്ടിരുന്നവര്‍ കഥതീര്‍-
ന്നെണീറ്റുപോയ്,നിധി കാത്തിരിപ്പവര്‍
അതേയിരിപ്പെത്ര നാള്‍.
നിദ്രവിട്ടച്ഛ്നെണീറ്റുപോയാദ്യമേ
കടലു താണ്ടുവാനെത്തുന്ന കുതിരയും
കാത്തിരിപ്പാണവര്‍ കുഞ്ഞുങ്ങള്‍.

അമ്മയാണിങ്ങനെ
തലതല്ലിയാര്‍ക്കും
മഹാഭ്രാന്തസാഗരം.
അതില്‍ കടലുപ്പുപോലെ
ഉണര്‍വില്‍ നിന്നിറ്റുന്നൊ
രൊറ്റനീര്‍ത്തുള്ളി നാം!

കുതിരകള്‍
പാഞ്ഞു പാഞ്ഞൊടു-
വിലീക്കടലും കടക്കുന്നു.
ദിനരേഖയില്‍ നീണ്ട
നിഴലുപോലിന്നുമീ
കിഴവനും നമ്മളും മാത്രം.

6 comments:

Areekkodan | അരീക്കോടന്‍ said...

ആ കിഴവന്‍ ആരാ അനിതേ?

അനിതാകൊക്കോട്ട് said...

അരീക്കോടാ
ഇത് 15 കൊല്ലം മുന്‍പ് എഴുതിയ കവിതയാണ്.
അക്കാലത്ത് ശംഖ്മുഖത്ത് വച്ച് കണ്ടിരുന്ന ഒരു കിഴവനാണ് പ്രോട്ടോടൈപ്പ്.
അനിത

സഞ്ചാരി said...

കവിത വായിച്ചിട്ടൊന്നും മനസ്സിലായില്ല കാരണം കവിതയെപ്പറ്റി അത്രയെ വിവരമുള്ളു.
കിളവന്‍,നിധി,കുതിര,കഥ,നിറക്കോപ്പ.ഒന്നു വിശദീകരിക്കാമൊ?

അനിതാകൊക്കോട്ട് said...

സഞ്ചാരീ
കവിത എഴുതുന്ന എളുപ്പമൊന്നും അത് വിശദീകരിക്കാന്‍ ഇല്ല.
ഒരു കിഴവന്‍ പറഞ്ഞ കഥ കേട്ടപ്പോള്‍ തോന്നിയത്
എഴുതി.
അതു തന്നെ.

സഞ്ചാരി said...

ചില മണ്ണിര ചിന്തകളില്‍ Comment Link ഇല്ലായിരുന്നു.അതുകൊണ്ട് ഇവിടെ കമണ്ടുന്നു.
നമ്മുടെ കുട്ടികാലത്ത് നമുക്ക് ലഭിച്ചിരുന്ന പലെ സുക്ര്‌തങ്ങളും ഇന്നത്തെ തലമുറയ്ക്കു നഷ്ടമായി കൊണ്ടിരിക്കുകയാണ്. മണ്ണിരയെ പറ്റി കൂടുതലറിയാന്‍
http://www.google.ae/search?sourceid=navclient&aq=t&ie=UTF-8&rls=GGLG,GGLG:2006-22,GGLG:en&q=earthworm+pictures

വിഷ്ണു പ്രസാദ് said...

മണ്ണിരകളെക്കുറിച്ചുള്ള പോസ്റ്റ് ഇഷ്ടമായി.പ്രകൃതിയുടെ നഷ്ടങ്ങളെക്കുറിച്ച് ആകുലപ്പെടുന്നവര്‍ ഒറ്റപ്പെടുന്ന ഒരു കാലത്ത് പ്രസക്തമാണ് ഈ ലേഖനം.മനുഷ്യന്റെ ആര്‍ത്തി ഭൂമിയുടെ എല്ലാ നന്മകളെയും വിഴുങ്ങിക്കഴിഞ്ഞു.
ഈ പോസ്റ്റും ഒന്ന് നോക്കിക്കോളൂ:
http://prathibhasha.blogspot.com/2006/09/blog-post_7981.html