Monday, November 27, 2006

മരണമെന്നാല്

മരണമെന്നാല്‍ ഒരുതരം ഒളിച്ചുകളിയാണെന്ന് എനിക്ക് പറഞ്ഞു തന്നത് രാമു ആയിരുന്നു.
നൂറ്വരെ എണ്ണി നമ്മള്‍ ഒളിച്ചു കളിക്കില്ലേ.....അതു മാതിരി...
രാമു എനിക്കു രണ്ട് ക്ളാസ് മീതെ ആയിരുന്നു.
അവന്റെ പുസ്തകങ്ങള്‍ എനിക്ക് അത്ഭുതങ്ങളായിരുന്നു.
അതു കൊണ്ട് അറിവില്‍ ഞാന്‍ അങ്ങനെ തന്നെ കുറിച്ചിട്ടു.
മരണമെന്നാല്‍ ............
എന്നാല്‍ അവന്‍ പറഞ്ഞതൊക്കെ നുണയായിരുന്നെന്ന് പിന്നീട് എനിക്ക് ബോദ്ധ്യപ്പെടുകയുണ്ടായി.
വീട്ടു പടിയില്‍ നിന്ന് സ്കൂളിലേക്കുള്ള യാത്രയില്‍ എന്നും ഞാനായിരുന്നു പിറകില്‍.
പെട്ടെന്നൊരു ദിവസം വഴിയില്‍ ഞാനായി മുമ്പില്‍.
ചുവന്നൊരു തുമ്പിക്കു പിറകേ കൈവിരലുകള്‍ ഒരു കെണിയാക്കി റോഡില്‍ തലങ്ങും വിലങ്ങും ഓടിക്കളിക്കുകയായിരുന്നു അവന്‍...............
ഒടുക്കം കൈതപ്പൊന്തകള്‍ക്ക് ഇടയിലേക്ക് തുമ്പി നൂഴ്ന്ന് മറഞ്ഞതോടെ തുമ്പിയേ അവിടെ വിട്ട് എനിക്ക് മുമ്പില്‍ എത്താന്‍ വേണ്ടി അവന്‍ ഓടാന്‍ തുടങ്ങി.
തോല്‍വി ഉറപ്പായിരുന്നിട്ടും ഞാനും ഓടി....,
ഒരൊച്ചയും ചതഞ്ഞു പോയൊരു നിലവിളിയും പിന്‍വിളി വിളിക്കുന്നതു വരെ.
മരണമെന്നാല്‍ ഒരു ഒളിച്ചു കളിയേ അല്ല.
ഞാനറിഞ്ഞു.
മരണമെന്നാല്‍ നന്നേ ചുവപ്പായ ചില പിടച്ചിലുകളുംഎത്ര ദൂരത്തേക്കും പിറകേ വരുന്ന വികൃതമായ ചില കരച്ചിലുകളുമാണ്.
ഓ...കൂട്ടുകാരാ.....മരണമെന്നാല്...........

4 comments:

പയ്യന്‍‌ said...

മരണമെന്നാല്‍ നന്നേ ചുവപ്പായ ചില പിടച്ചിലുകളും .......

പക്ഷേ കറുപ്പില്‍ കടും ചുവപ്പക്ഷരങ്ങള്‍ അതും നന്നേ ചെറിയവ വായനയെ പീഢാനുഭവമാക്കുന്നു

സു | Su said...

മരണമെന്നാല്‍ ശൂന്യതയാണ്. മനസ്സിലും, മുറ്റത്തും നിശബ്ദത.

ഇത് നോക്കിയിരുന്നോ?http://ashwameedham.blogspot.com/2006/07/blog-post_28.html


ഒറ്റയ്ക്കിരിക്കുമ്പോള്‍ എന്നായാല്‍ നന്നായേനെ.

പയ്യന്‍‌ said...

അക്ഷരങ്ങള്‍ ബലുതായിരിക്കുന്നു

thoufi | തൗഫി said...

മരണം...
എത്ര നിര്‍വചിച്ചാലും മതിവരാത്ത പദം.
ഇവിടെ മരണത്തിനു പുതിയൊരു നിര്‍വചനം കൂടി...
മരണമെന്നാല്‍ ഒരൊളിച്ചുകളിയാണ്.

സുഹൃത്തെ,നന്നായിരിക്കുന്നു.